തിരുവനന്തപുരം: കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ പുല്ലമ്പാറ അഫാന്‍ (23) ലഹരി ഉപയോഗിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് ഡി.വൈ.എസ്.പി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തശ്ശിയും ഇളയ സഹോദരനുമടക്കം അഞ്ചുപേരെയാണ് അഫാന്‍ വെട്ടിക്കൊന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്നത് ബന്ധുക്കളുമായി സംസാരിച്ച ശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാവിലെ 10 മണിമുതല്‍ വൈകീട്ട് നാലുമണിവരെ 6 മണിക്കൂറിനുള്ളിലാണ് പ്രതി 5 കൊലപാതകങ്ങള്‍ നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇതെന്നാണ് പൊലീസ് നിഗമനം. രാവിലെ 10 മണിയോടെ ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിച്ചത്. അര്‍ബുദ രോഗി കൂടിയായ ഉമ്മയോട് പണം ആവശ്യപ്പെട്ടുവെന്നും നല്‍കാത്തതിനാല്‍ ആക്രമിച്ചുവെന്നുമാണ് മൊഴി. ഗുരുതര പരിക്കേറ്റ ഇവര്‍ വെന്റിലേറ്ററിലാണ്. തുടര്‍ന്ന് ഉച്ച 1.15ന് അഫാന്‍ താമസിക്കുന്ന പേരുമലയില്‍നിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇവരുടെ സ്വര്‍ണമാലയെടുത്ത് വെഞ്ഞാറമൂട് എത്തിയപ്പോള്‍ പിതൃസഹോദരന്‍ ലത്തീഫ് ഫോണില്‍ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.
വെഞ്ഞാറമൂട് നിന്നാണ് ഇതിനായി ചുറ്റിക വാങ്ങിയത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടായിരുന്നു കൊലപാതകം. നാലുമണിയോടെ കാമുകി ഫര്‍സാന (23)യെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. അവസാനം കുഞ്ഞനുജന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അഹ്‌സാനെ (13) വീട്ടില്‍ വെച്ച് കൊന്നു. പരീക്ഷ കഴിഞ്ഞു എത്തി ഉമ്മയെ അന്വേഷിച്ച അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടില്‍ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് ആറുമണിയോടെ സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.