ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ.ശ്രീധരനെതിരെ പൊലീസിൽ പരാതി. വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ശ്രീധരനെതിരെ പരാതി ലഭിച്ചിരിക്കുന്നത്. ലൗ ജിഹാദ്, മാംസാഹാര എന്നീ വിഷയങ്ങളിലെ പ്രസ്‌താവനകളാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനിൽ ശ്രീധരനെതിരെ പരാതി നൽകിയിരിക്കുന്നത്.
ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്‍റെ വിവാദ പരാമര്‍ശം. ”ലവ് ജിഹാദ്, ഉള്ളതാണ്. കേരളത്തിൽ നടന്നതൊക്കെ കണ്ടിട്ടുണ്ട്. ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്റെ പേരിൽ പിന്നീടവർ പ്രയാസപ്പെടുന്നതുമൊക്കെ കണ്ടിട്ടുണ്ട്. വഞ്ചിതരാകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രവൃത്തിയെ ഞാൻ തീർച്ചയായും എതിർക്കും” എന്നായിരുന്നു പ്രതികരണം. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് സസ്യാഹാരിയാണ് താനെന്നും ആരും മാംസം കഴിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അത്തരക്കാരെ ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു പ്രതികരണം. ഈ പരാമർശങ്ങളാണ് വിവാദമായി മാറിയത്.