കൊച്ചി: മുകേഷ് ഉള്‍പ്പെടെ നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിയായ നടി. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്‌സോ കേസ് നിയമപരമായി നേരിടുമെന്നും നടി പറഞ്ഞു. ഡബ്യൂസിസി (WCC) പോലും തനിക്കൊപ്പം നിന്നില്ലെന്നും നടി ആരോപിച്ചു.
നടന്‍ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പൊലീസ് അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെയായിരുന്നു ഇക്കഴിഞ്ഞ ദിവസം കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് നടി പ്രഖ്യാപിച്ചത്. തനിക്കെതിരെ ബന്ധുവായ പെണ്‍കുട്ടി നല്‍കിയ പോക്‌സോ കേസ് വ്യാജം ആണെന്നും ഇതിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നും ആരോപിച്ചായിരുന്നു പരാതി പിന്‍വലിക്കാനുള്ള നടിയുടെ തീരുമാനം.
എന്നാല്‍ തന്റെ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നുവെന്നും കേസുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി. ആരും പിന്തുണച്ചില്ലെന്ന മാനസിക പ്രയാസത്താലാണ് കേസ് പിന്‍വിക്കുമെന്ന് പ്രഖ്യാപിച്ചതെന്നും ഇന്നിപ്പോള്‍ കേസുമായി മുന്നോട്ടുപോകാനുളള ധൈര്യം കൈവന്നെന്നും നടി പറയുന്നു.
പോക്‌സോ കേസിന് പിന്നാലെ വലിയ അധിക്ഷേപമാണ് താന്‍ നേരിട്ടതെന്നും നടി വ്യക്തമാക്കി. പരാതി പിന്‍വലിച്ചാലും കേസുമായി മുന്നോട്ടുപോകുമെന്നാണ് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയിരുന്നത്.
നടിയുടെ പരാതിയില്‍ അഭിനേതാക്കളായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങി ഏഴ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. ഇതില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചുവിനെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

