തലശേരി ജനറല്‍ ആശുപത്രിയില്‍ പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.താലൂക്ക് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന്‍ വിജുമോനെതിരെയാണ് തലശേരി പൊലീസ് കേസെടുത്തത്. ചികിൽസ പിഴവിനാണ് കേസെടുത്തത്. സുൽത്താന്‍റെ പിതാവിന്റെ പരാതിയില്‍ ആണ് കേസ് തലശേരി പൊലിസ് കേസെടുത്തത്. തലശ്ശേരി എ എസ് പി, പി.നിഥിൻ രാജാണ് കേസന്വേഷിക്കുന്നത്.സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് തലശേരി ചേറ്റംകുന്നം സ്വദേശി സുല്‍ത്താന്റെ കൈ ഒടിഞ്ഞത്. പിന്നാലെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പക്ഷേ ആശുപത്രിയിലെ ചികിത്സാപിഴവും സര്‍ജറിക്കുള്ള കാലതാമസവും കാരണം വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചുവെന്നാണ് പരാതി.എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രി ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ അപ്പോഴേക്കും കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. പിന്നീട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കല്‍ കോളേജില്‍ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
17കാരന്റെ കൈമുറിച്ചുമാറ്റിയ സംഭവം;ചികിത്സാപ്പിഴവ്,ഡോക്ടര്‍ക്കെതിരെ കേസെടുത്തു

