ബംഗാളി നടിയിൽ നിന്ന് ലൈംഗികാരോപണം ഉയർന്നതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് രാജിവെക്കാൻ രഞ്ജിത്തിന് മേൽ സമ്മർദം ശക്തം. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. വിഷയത്തിൽ സർക്കാർ തലത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. രഞ്ജിത്തിനെതിരെ നിലപാട് മയപ്പെടുത്തി മന്ത്രിമാർ രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാണ്. മുഖ്യമന്ത്രിയുടെ നിലപാട് എന്താകുമെന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും രഞ്ജിത്തിൻ്റെ രാജിയുടെ തീരുമാനം. അതേസമയം, രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോർഡ് മാറ്റി. വയനാട്ടിലെ റിസോർട്ടിൽ നിന്ന് ബോർഡ് മാറ്റിയാണ് വാഹനം കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് രഞ്ജിത്ത് റിസോർട്ടിലെത്തിയത്. റിസോർട്ടിലെത്തിയ മാധ്യമങ്ങളോട് രഞ്ജിത്ത് പ്രതികരിക്കുന്നില്ലെന്നാണ് പറഞ്ഞത്. പിറകെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് ഉണ്ടായി. പിന്നാലെ രഞ്ജിത്ത് അവിടെ നിന്ന് പോയെന്നാണ് വിവരം ലഭിച്ചത്. അതിനിടെ, കേരള ചലച്ചിത്ര അക്കാദമി എന്ന ബോർഡ് അഴിച്ചുമാറ്റി വാഹനം കൊണ്ടുപോവുകയായിരുന്നു. അതിനിടെ, രഞ്ജിത്തിന്റെ കോഴിക്കോട്ടെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കോഴിക്കോട് ചാലപ്പുറത്തെ വീടിനാണ് സുരക്ഷ ഏർപ്പെടുത്തിയത്. വയനാട്ടിൽ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് പൊലീസിനെ വിന്യസിച്ചത്.