കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭാര്യയെ ആക്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുണ്ടുങ്ങല്‍ സ്വദേശി സികെ നൗഷാദ് ആണ് അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.പെട്രോള്‍ നിറച്ച കുപ്പിയുമായി എത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും മുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനം പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നും പരാതിയില്‍ പറയുന്നു.നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നു ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പരാതിക്കാരിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നത് ഇഷ്ടപ്പെടാത്തതാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.മാതാപിതാക്കള്‍ പോയതിന് പിന്നാലെ കത്തികൊണ്ടും മരകഷ്ണം കൊണ്ടെല്ലാം ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് വീട്ടില്‍ നിന്ന് പോയ ഇയാള്‍ രാത്രി പെട്രോള്‍ കുപ്പിയുമായാണ് എത്തിയത്. എന്നാല്‍ വാതിലടച്ചതുകൊണ്ട് മാത്രം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് യുവതി ഉപയോഗിക്കുന്ന സ്‌കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിച്ചത്. ഒരുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. നൗഷാദിന്റെ രണ്ടാംവിവാഹമാണിത്.

