ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ കെ കരുണാകരനെ തകര്‍ക്കാന്‍ നടന്ന കലാപത്തിന് കൂട്ടുനിന്നതില്‍ പശ്ചാത്താപമുണ്ടെന്ന് രമേശ് ചെന്നിത്തല. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അങ്ങനെ ചെയ്യിച്ചതെന്നും, താന്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് എന്നേയും ജി. കാര്‍ത്തികേയനേയും എം.ഐ ഷാനവാസിനേയും കരുണാകരനെതിരെ നീങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്നും അദ്ദേഹം പറയുന്നു. സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരന്‍. അദ്ദേഹത്തെ പോലൊരു നേതാവ് കേരളത്തിലോ ഇന്ത്യയിലോ ഇന്നില്ല. ഇന്ന് കാര്‍ത്തികേയനും ഷാനവാസും ഇല്ല. ലീഡറുടെ പാത പിന്തുടര്‍ന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂര്‍ ദര്‍ശനം തുടങ്ങിയത്. ആത്മാര്‍ഥമായി ഞാന്‍ ചെയ്തതില്‍ ഇന്ന് പശ്ചാത്തപിക്കുന്നു. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നായിരുന്നു കരുണാകരനെതിരായ കാലപത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചെന്നിത്തലയുടെ മറുപടി
1994ന്റെ അവസാന നാളുകളിലായിരുന്നു കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ ആസൂത്രണം ആരംഭിച്ചത്. ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പിന്നാലെയുണ്ടായ വിവാദങ്ങളുടെ ചുവടുപിടിച്ചായിരുന്നു നീക്കം. കരുണാകരന്റെ പ്രിയശിക്ഷ്യനെന്ന് അറിയപ്പെട്ടിരുന്ന രമേശ് ചെന്നിത്തല അടക്കം അടുത്ത നേതാക്കള്‍ പോലും കൂറു മാറി ഇതിന്റെ ഭാഗമായി. പാര്‍ട്ടിയിലെ ഉള്‍പ്പോര് രൂക്ഷമായപ്പോള്‍ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഉമ്മന്‍ചാണ്ടി, ചെന്നിത്തല യുഗം അവസാനിച്ചോ എന്ന ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ ആരും സ്ഥിരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.