ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂറും രംഗത്തെത്തി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്നു ഷുക്കൂര്‍ പറഞ്ഞു. കളങ്കിതനായ വ്യക്തിയെ കലക്ടറാക്കരുത്. മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നിഗൂഢ ലക്ഷ്യമാണ് ഈ നിയമനത്തിന് പിന്നില്‍. കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. സമരത്തിലേക്ക് പോകണമോ എന്ന് പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു.സമനില തെറ്റിയ സര്‍ക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ശ്രീറാമിന്റെ നിയമനത്തിനെതിരേ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരും ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാന്‍പോലും അഹങ്കാരം അനുവദിക്കാത്തയാളെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നതാണെന്നായിരുന്നു സലീം മടവൂരിന്റെ കുറിപ്പ്.
കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പ് ജോ. ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയാണ് ശ്രീറാം. കുറ്റകൃത്യം ചെയ്തതിന് പുറമേ അത് മറച്ചുവെയ്ക്കാനും രക്ഷപ്പെടാനും തന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു.