സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തില്‍ കുറവുവരാത്ത പശ്ചാത്തലത്തില്‍ ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനം. വാരാന്ത്യ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിന സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വിസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങളില്‍പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കേണ്ടതുള്ളു എന്നാണ് പൊലീസ് നിലപാട്.
നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ ആറു മുതല്‍ നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് അടയ്ക്കും. റോഡുകളില്‍ ഉള്‍പ്പെടെ ബാരിക്കേഡ് വച്ച് അടച്ച് കര്‍ശന പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
കൊവിഡ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകള്‍ ആയി കണക്കാക്കി നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ രോഗികള്‍ ഉള്ള മേഖലകളില്‍ മൈക്രോ കണ്ടയിന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. എ, ബി, പ്രദേശങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിവയില്‍ 50 ശതമാനംവരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളില്‍ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിച്ചാവും ഓഫീസ് പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാറ്റഗറി ഡിയില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

