കുന്ദമംഗലം: സ്ക്കൂൾ ചുവരിൽ പുരാതന ഗോത്രകലാരീതിയായ വാർലി പെയ്ന്റിംഗ് നടത്തി ശ്രദ്ധയാകർഷിക്കുകയാണ് കുന്ദമംഗലം ഹൈസ്ക്കൂൾ കുട്ടികൾ. ചിത്രകലാ അദ്ധ്യാപകനായ കൃഷ്ണൻനമ്പൂതിരിയാണ് വാർലി പെയ്റിംഗ് രീതി കുട്ടികളെ പരിശീലിപ്പിക്കുന്നത്.ഇന്ത്യയിലെ വടക്കൻ സഹ്യാദ്രി നിരയിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാർ സൃഷ്ടിച്ച ഗോത്രകലയുടെ ഒരു രീതിയാണ് വാർലി പെയിന്റിംഗ്. മഹാരാഷ്ട്രയിൽ നിന്നാണ് ഇത് ഉത്ഭവിച്ചിട്ടുള്ളത്.
വാർലി കലാകാരന്മാർ അവരുടെ കളിമൺ കുടിലുകളാണ് അവരുടെ ചിത്രങ്ങളുടെ പശ്ചാത്തലമായി ഉപയോഗിച്ചിരുന്നത്. വാർലി പെയ്ന്റിംഗ് പരിശീലിക്കുമ്പോൾ കുട്ടികളിൽ പ്രകൃതിയെയും വന്യജീവികളെയും വളരെയധികം ബഹുമാനിക്കാനുള്ള താൽപ്പര്യം വർദ്ധിപ്പിക്കുമെന്ന് കലാഅദ്ധ്യാപകൻ പറഞ്ഞു. ചിത്രകലാ പിരിയഡുകളിലും ഒഴിവ് സമയങ്ങളിലുമാണ് പെയ്ന്റിംഗ്.