റഷ്യൻ സേനയുടെ നേതൃത്വത്തെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ച വാഗ്നര്‍ ഗ്രൂപ്പ് തലവന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ. പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ചില റഷ്യക്കാര്‍ കുറ്റകരമായ സാഹസികത ചെയ്യുന്നതിനായി തള്ളിവിടപ്പെട്ടെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ പറഞ്ഞു. വാഗ്നര്‍ ഗ്രൂപ്പ് തലവനെ പരോക്ഷമായി വിമര്‍ശിച്ചും വാഗ്നര്‍ ഗ്രൂപ്പിനെ പേരെടുത്ത് അഭിനന്ദിച്ചുമായിരുന്നു പ്രസിഡന്റിന്റെ പ്രസംഗം.
റഷ്യയുടെ ഭാവി അപകടത്തിലാണെന്നും കലാപകാരികളുടേത് പിന്നില്‍നിന്ന് കുത്തുന്ന നീക്കമാണെന്നും പുതിന്‍ കുറ്റപ്പെടുത്തി. ചിലരുടെ വലിയ അതിമോഹം വലിയ രാജ്യദ്രോഹത്തിലേക്ക് നയിച്ചിരിക്കുന്നു. റഷ്യന്‍ സമൂഹത്തെ വിഭജിക്കുന്നവര്‍ക്ക് അനിവാര്യമായ ശിക്ഷലഭിക്കും. രാജ്യതലസ്ഥാനത്തും വിവിധ പ്രദേശങ്ങളിലും തീവ്രവാദ വിരുദ്ധസേനകളെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാഹചര്യം നേരിടാന്‍ ആവശ്യമായ ഉത്തരവുകള്‍ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ പുടിൻ റഷ്യയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞചെയ്തു. അഭിസംബോധനയ്ക്കിടെ ഒരിക്കല്‍ പോലും വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗനി പ്രിഗോഷിന്റെ പേര് സൂചിപ്പിച്ചില്ല. എന്നാല്‍, വാഗ്നര്‍ ഗ്രൂപ്പ് റഷ്യയ്ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു. യുക്രെയ്‌നില്‍ റഷ്യന്‍ സേനയ്‌ക്കൊപ്പം പോരാടുകയും മരിക്കുകയും ചെയ്യുന്ന വാഗ്നര്‍ ഗ്രൂപ്പ് അംഗങ്ങളെ ധീരന്മാരെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
‘റഷ്യന്‍ സേനയ്‌ക്കെതിരെ ആയുധമെടുക്കുന്നവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളാണ്. കലാപത്തില്‍ പങ്കെടുക്കുന്ന എല്ലാവരേയും ശിക്ഷിക്കും. റസ്‌തോഫ്‌നദനിലെ സാഹചര്യം ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍, ഞങ്ങളുടെ മറുപടി നിര്‍ദ്ദയമായിരിക്കും. നമ്മള്‍ വിജയിക്കും, ശക്തരാവും’,പുടിൻ പറഞ്ഞു.
അതിനിടെ വാഗ്നര്‍ ഗ്രൂപ്പിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഓഫീസില്‍ റെയ്ഡ് നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഗ്നര്‍ തലവന്‍ യെവ്ഗനി പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് പരിശോധനയുണ്ടായത്.