കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡിവൈഎഫ്ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന സന്ദേശം അയച്ചതിന്റെ പേരിൽ എഡിഎസ് ചെയർപേഴ്സണെതിരെ നടപടി വേണ്ടെന്ന് പത്തനംതിട്ട ജില്ലാ കുടുംബശ്രീമിഷൻ. സെക്രട്ടറി തെറ്റ് തിരിച്ചറിഞ്ഞെന്നും അതുകൊണ്ടുതന്നെ നടപടിയുമായി മുന്നോട്ട് പോകേണ്ടെന്നുമാണ് നിർദേശം.പത്തനംതിട്ട ചിറ്റാർ പഞ്ചായത്തിലെ പത്താം വാർഡിലെ കുടുംബശ്രീ വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് വിവാദത്തിലായത്. വാർഡിലെ എ ഡി എസ് അംഗമാണ് ശബ്ദ സന്ദേശം അയച്ചത്. പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കാത്തവർക്ക് 100 രൂപ ഫൈൻ ഉണ്ടെന്നായിരുന്നു സന്ദേശം.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിര്‍ബന്ധമായി ഒരാളും പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് വിവാദത്തിലുള്‍പ്പെട്ട സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. താന്‍ പറഞ്ഞതിന്റെ പേരില്‍ ആരും പരിപാടിയ്ക്ക് പോകേണ്ടതില്ലെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കിയിരുന്നു.സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കാന്‍ സെറ്റ് സാരിയും മറൂൺ ബ്ലൗസും ധരിച്ച് എത്തണമെന്നാണ് ശബ്ദ സദേശത്തിലൂടെ എ ഡി എസ് അംഗം ആവശ്യപ്പെടുന്നത്. എല്ലാ കുടുംബശ്രീയിൽ നിന്നും അഞ്ച് പേർ വീതം നിർബന്ധമായും സെമിനാറില്‍ പങ്കെടുക്കണമെന്നും പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഫൈൻ ഈടാക്കുമെന്നുമാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശത്തിലുള്ളത്.