ഹരിദാസ് വധക്കേസ് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിയാണെന്നും ഇവർക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.രേഷ്മയ്ക്ക് വേണ്ടി ഹാജരായത് ബിജെപി അഭിഭാഷകനാണെന്നും ജാമ്യത്തിലിറക്കാൻ എത്തിയത് ബിജെപി മണ്ഡലം സെക്രട്ടറിയാണെന്നും എംവി ജയരാജൻ പറഞ്ഞു. രേഷ്മയുടേത് സിപിഎം കുടുംബമെന്ന വാദം വാസ്തവിരുദ്ധമാണെന്നും ജയരാജന്‍ പറഞ്ഞു.നിജിന്‍ ദാസ് കൊലക്കേസ് പ്രതിയാണെന്ന് രേഷ്മയ്ക്ക് നന്നായറിയാമായിരുന്നു. ഒന്നാംപ്രതി ലിജേഷ് ബി.ജെ.പി മണ്ഡലം പ്രസിഡന്റാണ്. ഇതിൽ എല്ലാവരും ബിജെപിക്കാരും അനുഭാവികളുമാണ്. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും വസ്തുതയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപങ്കുവഹിച്ച ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിജിൽ ദാസ് പലവീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത്. ഇതിന് സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മയാണ്.