തൃശൂര്‍: കല്ലമ്പാറയില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ 60കാരന് വെട്ടേറ്റു. കല്ലമ്പാറ കൊച്ചുവീട്ടില്‍ മോഹനനാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശവാസിയായ ഏലിയാസ് എന്നയാളാണ് മോഹനനെ ആക്രമിച്ചത്.
ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം. കുഴല്‍ക്കിണര്‍ കുഴിച്ചപ്പോള്‍ പുറത്തുവന്ന ചളിവെള്ളം ഏലിയാസിന്റെ വീട്ടുവളപ്പിലേക്ക് കയറി. ഇതില്‍ പ്രകോപിതനായ ഏലിയാസ് വീട്ടില്‍നിന്ന് വാക്കത്തി എടുത്തുകൊണ്ടുവന്ന് മോഹനനെ വെട്ടുകയായിരുന്നു.
വെട്ട് തടുത്തതോടെ മോഹനന്റെ കൈയില്‍ മുറിവേറ്റു. സംഭവത്തിനു പിന്നാലെ ഏലിയാസ് ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ ഊര്‍ജിതമാണ്. പരിക്കേറ്റ മോഹനന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.