കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതല്‍ 6 വരെ പ്രതികള്‍ക്കും 7 മുതല്‍ 9 വരെ പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വര്‍ഷം തടവുശിക്ഷയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു.
ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വര്‍ഷം തടവുശിക്ഷയും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവര്‍ക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടികെ രജീഷ്, എന്‍വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവന്‍, പ്രഭാകരന്‍, കെവി പദ്മനാഭന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. കേസില്‍ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.