Local

കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ (Guidlines) ആരോഗ്യ വകുപ്പ് പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതീവ ജാഗ്രതയിലാണ്. അത്യാവശ്യ സര്‍വീസുകളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. അനാവശ്യമായി വീടിന് പുറത്തിറങ്ങാതിരുന്നാല്‍ മാത്രമേ രോഗത്തില്‍ നിന്നും മുക്തി നേടാനാകുകയുള്ളൂ. എങ്കിലും ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ബുദ്ധിമുട്ടില്ല. കൂട്ടം കൂടാതെ മതിയായ അകലം പാലിച്ച് മാത്രം കടകളില്‍ പ്രവേശിക്കുക. വില്‍ക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എങ്കില്‍ മാത്രമേ കോവിഡ് 19 മറ്റുള്ളവരിലേക്ക് പടരാതിരിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

*എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍*

· *എല്ലാ കടകളും കച്ചവട സ്ഥാപനങ്ങളും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കണം.*

· *ജീവനക്കാരും ഉപഭോക്താക്കളും തമ്മിലും ഉപഭോക്താക്കളും ഉപഭോക്താക്കളും തമ്മിലും കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം.*

· *കടയുടെ പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും മതിയായ ഹാന്റ് സാനിറ്റൈസര്‍ കരുതുകയും എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സാനിറ്റൈസര്‍ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.*

· *പേയ്‌മെന്റ് കൗണ്ടറുകളില്‍ ഇരിക്കുന്ന ജീവനക്കാരും ഇടപാട് നടത്തുന്ന ഉപഭോക്താക്കളും ഓരോ ഇടപാടിന് ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.*

· *വാഷ് റൂമുകളില്‍ ശുചിത്വം പാലിക്കുക. ആവശ്യത്തിന് ടിഷ്യു പേപ്പറുകളും സോപ്പ് സൊല്യൂഷനും കരുതുക. (സോപ്പ് വയ്ക്കരുത്)*

· *കൈ കഴുകുന്ന വിധം, ഹാന്റ് റബ്ബിന്റെ ഉപയോഗം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകള്‍ ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം*

· *ഫലപ്രദമായി കൈ കഴുകുന്നതിന്റെ ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ വാഷിംഗ് ഏരിയയില്‍ പതിക്കണം.*

· *ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക.*

· *ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ദിവസവും ഉറപ്പാക്കേണ്ടതാണ്.*

· *രോഗലക്ഷണമുള്ള ജീവനക്കാരെ ഒരു കാരണവശാലും സ്ഥാപനത്തില്‍ നില്‍ക്കാന്‍ അനുവദിക്കരുത്.*

· *കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോ അവരുമായി സമ്പര്‍ക്ക ലിസ്റ്റിലുള്ളവരോ വീട്ടിലെ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഉടന്‍ തന്നെ സ്ഥാപനം അടക്കേണ്ടതാണ്.*

· *ഷേക്ക് ഹാന്റ് ഒഴിവാക്കുക.*

· *ദിശയുടെയും ജില്ലാ കണ്‍ട്രോള്‍ റൂമിന്റേയും ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം.*

· *ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അന്വേഷണങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.*

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!