ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. ‘മാഗ് പൂര്‍ണിമ’ ദിനത്തില്‍ പുണ്യ സ്‌നാനത്തിനായി ഗംഗാ നദിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്ക്.
രാവിലെ 10 മണിയോടെയാണ് അപകടം. തീര്‍ത്ഥാടകരുമായി വന്ന ട്രാക്ടര്‍ ട്രോളി പട്യാലി-ദാരിയാവ്ഗഞ്ച് റോഡില്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു. ഏഴ് കുട്ടികളും എട്ട് സ്ത്രീകളും ഉള്‍പ്പെടെ 20 പേര്‍ അപകടത്തില്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഡിഎം, എസ്പി, മറ്റ് അഡ്മിനിസ്‌ട്രേറ്റീവ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും. അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും, പരിക്കേറ്റവര്‍ക്ക് ഉചിതമായ ചികിത്സ നല്‍കാനും മുഖ്യമന്ത്രി അധികാരികളോട് നിര്‍ദേശിച്ചു.

