ജനങ്ങളുടെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ഉയര്‍ന്ന വികസന പ്രവര്‍ത്തനങ്ങളാണ് കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നടക്കുന്നതെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
പന്നൂര്‍ -നരിക്കുനി – നെല്ല്യേരിതാഴം – പുന്നശേരി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ സഹകരണമാണ് ഈ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. റോഡ് നവീകരണമടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി സ്ഥലം വിട്ടുനല്‍കാന്‍ സ്ഥലമുടമകള്‍ തയ്യാറാകണം. നിരവധിയിടങ്ങളില്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കിയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് കോടി ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡിന്റെ താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തി ആധുനിക സംവിധാനത്തില്‍ ടാറിംഗ് നടത്തുക, ഓവുചാലുകള്‍ സംരക്ഷണഭിത്തികള്‍ നിര്‍മ്മിക്കുക, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുക, സര്‍വീസ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികളാണ് നടക്കുക.
നരിക്കുനി ടൗണില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. അസി. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ കെ ബിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റുമാരായ പി അബ്ദുല്‍ജബ്ബാര്‍മാസ്റ്റര്‍, യു പി നഫീസ, നരിക്കുനി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ സി വേണുഗോപാല്‍, വസന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ഷക്കീലടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ഇല്യാസ്, വാദേവന്‍നമ്പൂതിരി, സി പി ഗിരിജ, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ വിനയരാജ് സ്വാഗതവും അസി. എഞ്ചിനിയര്‍ കെ ജി രഗിന നന്ദിയും പറഞ്ഞു.