മുല്ലപ്പെരിയാര്‍ ഡാം പ്രവര്‍ത്തനത്തിനായി തമിഴ്നാട് ആശ്രയിക്കുന്നത് കാലഹരണപ്പെട്ട ഓപ്പറേഷന്‍ ഷെഡ്യൂള്‍ ആണെന്ന് കേരളം. 1939ല്‍ തയ്യാറാക്കിയ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ ആണ് തമിഴ്നാട് ഇപ്പോഴും ആശ്രയിക്കുന്നത്. പുതിയ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ ഇല്ലാത്തത് പ്രളയകാലത്ത് പ്രതിസന്ധി സൃഷ്ടിച്ചതായും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേരളം പറഞ്ഞു. കേന്ദ്ര ജല കമ്മീഷന്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഡയറക്ടര്‍ സുനില്‍ ജയിന്‍ നടത്തിയ പരിശോധനയില്‍ ഡാമിലെ 70 ശതമാനം ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയെന്ന വിവരവും സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്.
ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ തയ്യാറാക്കണമെന്ന് 2014ല്‍ കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയിലാണ് കേരളം ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് പുതിയ ഷെഡ്യൂള്‍ തയ്യാറാക്കി അതിന്റെ കരട് കേരളത്തിന് കൈമാറാന്‍ സമിതി തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമിതി നിര്‍ദേശം തമിഴ്നാട് ഇതുവരെ പാലിച്ചില്ലെന്നാണ് കേരളത്തിന്റെ ആരോപണം. ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും, റൂള്‍ കേര്‍വിന്റെ കരടും ലഭിച്ചാല്‍ മാത്രമേ അതിന്മേലുള്ള അഭിപ്രായം അറിയിക്കാന്‍ കഴിയൂ. അന്തിമ ഷെഡ്യൂള്‍ തയ്യാറാകുന്നുതവരെ ഡാമിന്റെ താഴെ താമസിക്കുന്നവരുടെ സുരക്ഷ പരിഗണിക്കണം. ഡാമിലേക്കുള്ള നീരൊഴുക്കിന്റെ മുഴുവന്‍ വിവരണങ്ങളും തമിഴ്നാട് കൈമാറണം. കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവ ആവശ്യമാണെന്നും സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്.
മുല്ലപെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടന ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരെ കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫും, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസ്സി മോള്‍ ജോസ് എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മുല്ലപെരിയാര്‍ അണക്കെട്ടിലേക്ക് വൈദ്യുതിയും അപ്രോച്ച് റോഡും കേരളം നല്‍കുന്നില്ലെന്ന തമിഴ്നാട് ആരോപണവും ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ അലക്സ് വര്‍ഗീസ് ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ നിഷേധിച്ചിട്ടുണ്ട്. റിട്ട് ഹര്‍ജിയും സത്യവാങ്മൂലവും കോടതി തിങ്കളാഴ്ച പരിഗണിക്കും.