ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച കനത്ത മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഡാമിന്റെ ഒരു ഷട്ടർ 0.30 മീറ്റർ ഉയർത്തി 397 ക്യുസെക്സ് ജലമാണ് പുറത്തുവിടുന്നത്. പുതിയ റൂൾ കർവ് വന്നതിനു പിന്നാലെ ഇന്നലെ ഷട്ടർ അടച്ചിരുന്നു. വീണ്ടും നീരൊഴുക്ക് വർധിച്ചതിനാലാണ് നടപടി.
141.40 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് പരമാവധി 142 അടിവരെയാവാം.നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിവരെ വെള്ളം സംഭരിക്കാന്‍ തമിഴ്‌നാടിന് സാധിക്കും.ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ഈ അളവിൽ ക്രമീകരിക്കുന്നതിനായാണ് ഷട്ടർ ഉയർത്തിയത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

