തൃശൂർ കുന്നംകുളത്ത് ആന പാപ്പാന്മാർ ആകാനായി കത്തെഴുതി വച്ച് നാട് വിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തെച്ചിക്കോട്ടു കാവ് ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. ഇന്നലെ വൈകിട്ടോടെയാണ് 14 വയസുള്ള 3 വിദ്യാര്‍ഥികളെ കാണാതായത്. ക്ലാസ് കഴിഞ്ഞ് ഇവർ വീട്ടിലെത്തിയിരുന്നു. പിന്നീട് ട്യൂഷ്യനു പോകുകയാണെന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്,പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ അരുണ്‍, അതുല്‍ കൃഷ്ണ ടിപി, അതുല്‍ കൃഷ്ണ എംഎം എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരം കാണാതായത്. ആനപാപ്പാന്‍മാര്‍ ആവാന്‍ കോട്ടയത്തേക്ക് പോവുകയാണ്. പൊലീസ് അന്വേഷിക്കേണ്ടതില്ല. മാസത്തിലൊരിക്കല്‍ വീട്ടില്‍ വരാം എന്ന് കത്തെഴുതിവെച്ചാണ് വിദ്യാര്‍ത്ഥികള്‍ നാട് വിട്ടത്.
പുലർച്ചെ അഞ്ചുമണിയോടെയാണ് കുന്നംകുളം പൊലീസ് കുട്ടികളെ കണ്ടുപിടിച്ചത്. ഇന്നലെ കുന്നംകുളത്ത് നിന്ന് ബസ് കയറിയ കുട്ടികൾ തെച്ചിക്കോട്ടുകാവിന് അടുത്ത് പേരാമംഗലത്ത് ബസ് ഇറങ്ങിയതായി വിവരം ലഭിച്ചിരുന്നു. ഇവിടെ എത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ കണ്ട് ശേഷം രാത്രി ബസിൽ കയറുകയായിരുന്നു.