വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നു സംസ്ഥാനത്തിനു ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടോളം കുറവുണ്ടായി.സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകിട്ട് 6 മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.
വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ 25ന് യോഗം വിളിച്ചിട്ടുണ്ട്. പുറത്തുനിന്ന് 465 മെഗാവാട്ട് വാങ്ങാനുള്ള കരാർ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയെങ്കിലും ഇതനുസരിച്ച് ഡിസംബർ 31വരെ വൈദ്യുതി വാങ്ങാൻ കമ്മിഷൻ അനുമതി നൽകിയിരുന്നു. എന്നാൽ റദ്ദാക്കിയ കരാർ അനുസരിച്ച് വൈദ്യുതി നൽകാൻ ഉൽപ്പാദക കമ്പനികൾ വിസമ്മതിച്ചു.
ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.