കോട്ടയം: പുതുപ്പള്ളിയിലെ വെറ്റിനറി ഉപകേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായി സതിയമ്മ ജോലി നേടിയത് വ്യാജ രേഖചമച്ചെന്ന പരാതിയുമായി ലിജിമോൾ. വ്യാജരേഖ ചമച്ച് ജോലി നേടാൻ ഉദ്യോഗസ്ഥർ കൂട്ട് നിന്നു എന്നതുൾപ്പെടെ ആരോപിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലിജിമോൾ പരാതി നൽകി. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, പണാപഹരണം എന്നിവക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തൻ്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും ഇതുവരെ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ലിജിമോൾ പറയുന്നു. പുറത്തുവന്ന രേഖയിലെ ഒപ്പ് തൻ്റേതല്ല. നാലു വർഷം കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നു. ഒരു ദിവസം പോലും മൃഗാശുപത്രിയിൽ ജോലി ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. നേരത്തെ കുടുംബശ്രീയുടെ സെക്രട്ടറി ആയിരുന്നു ലിജിമോൾ.
സംഭവത്തിൽ പ്രതിപക്ഷം മാപ്പു പറയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ലിജിമോൾ തട്ടിപ്പിന് ഇരയായെന്നും പ്രതിപക്ഷത്തിന്റേത് നിലവാരമില്ലാത്ത രാഷ്ട്രീയമാണെന്നും ക്രി നൽ കേസെടുക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.കഴിഞ്ഞദിവസമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണം ഉയർന്നത്. സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞപ്പോൾ പിരിച്ചുവിട്ടതാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി വ്യക്തമാക്കിയിരുന്നു. സതിയമ്മയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവുൾപ്പടെ രംഗത്തുവന്നിരുന്നു.
മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മന്‍ ചാണ്ടി പങ്കെടുത്തതും സതിയമ്മ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച ചാനല്‍ ഇത് സംപ്രേഷണം ചെയ്തതിന് തൊട്ടുപിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിര്‍ദേശിക്കുകയായിരുന്നുവെന്നും ഒഴിവാക്കാന്‍ മുകളില്‍നിന്നു സമ്മര്‍ദ്ദമുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സൂചിപ്പിച്ചതായുമാണ് സതിയമ്മ പറഞ്ഞത്.

