ലോകായുക്താ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുന്നത് നിയമസഭയുടെ അന്തസ്സിന് ചേരാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി. രാജീവ് ബില്‍ സഭയില്‍ അവതരിപ്പിച്ചിരുന്നു. ബില്ലിനെതിരായ തടസവാദങ്ങള്‍ സ്പീക്കര്‍ തള്ളിയതിന് പിന്നാലെയാണ് ബില്‍ അവതരണം ആരംഭിച്ചത്.
ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനമാണെന്നും ബില്ല് അവതരിപ്പിക്കുന്നതിനിടെ നിയമമന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ എങ്ങനെ ശിക്ഷ വിധിക്കും. ബില്ലിലെ വ്യവസ്ഥകളില്‍ നിയമസഭയ്ക്ക് മാറ്റം വരുത്താനാകും. ഭേദഗതി ലോക്പാല്‍ നിയമവുമായി യോജിക്കുന്നതാണെന്നും രാജീവ് പറഞ്ഞു.
അതേസമയം, ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളാമെന്നത് ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റമാണ്. ഇത് ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെ ലംഘനമാണ്. സുപ്രീംകോടതി ഉത്തരലുകള്‍ക്ക് വിരുദ്ധമാണ് ഭേദഗതിയെന്നും വി ഡി സതീശന്‍ പറഞ്ഞു.
ബില്‍ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടീവിന് കവരാനുള്ളതാണ് ഭേദഗതി. ജൂഡീഷ്യല്‍ അധികാരത്തെ കവര്‍ന്നെടുക്കുന്ന അപ്പലേറ്റ് അതോറീട്ടി ആയി എക്‌സിക്യുട്ടീവ് മാറുന്നു. ജുഡീഷ്യല്‍ സംവിധാനത്തിന്റെ തീരുമാനം എങ്ങിനെ എക്സിക്യൂട്ടീവിന് തള്ളാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഇത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോകായുക്തക്ക് ജുഡീഷ്യല്‍ അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകായുക്ത അന്വേഷണ ഏജന്‍സി മാത്രമാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.