ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 3 കോടി വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ മേഖലയിലും അധിക തൊഴില്‍ കൊണ്ടുവരും. സ്ത്രീകള്‍ക്ക് പ്രത്യേക നൈപുണ്യ പദ്ധതി നടപ്പിലാക്കും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക നടപടിയുണ്ടാകും. 20 ലക്ഷം യുവാക്കള്‍ക്ക് പരിശീലനം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റിന്റെ 100 ശാഖകള്‍ സ്ഥാപിക്കുമെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.
പതിനെട്ടാം ലോക്‌സഭയിലെ ആദ്യ കേന്ദ്ര ബജറ്റാണ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി ഏഴു തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന പേര് നിര്‍മല സീതാരാമന് ഇന്ന് സ്വന്തമാകും.