വീണ്ടും നിപ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സംഘം കോഴിക്കോട്ടെത്തി. നിപ ബാധിച്ച് മരിച്ച 14 കാരന്‍ ചികിത്സയിലായിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഘം സന്ദര്‍ശനം നടത്തി.
ഡോ. റിമ ആര്‍ സഹായ് (സയന്റിസ്റ്റ്-ഡി, മാക്സിമം കണ്ടെയ്ന്‍മെന്റ് ഫെസിലിറ്റി, ഐസിഎംആര്‍-എന്‍ഐവി, പുനെ), ഡോ. ദീപക് വൈ പാട്ടീല്‍, (സയന്റിസ്റ്റ്-ഡി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, നാഗ്പൂര്‍), ഡോ. സതീഷ് ഗെയ്ക്വാദ് (സയന്റിസ്റ്റ്-ബി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, നാഗ്പൂര്‍), രാമേശ്വര്‍ ഖെദേക്കര്‍ (ടെക്നീഷ്യന്‍-സി, പോളിയോ വൈറസ് ഗ്രൂപ്പ്, ഐസിഎംആര്‍-എന്‍ഐവി, പുനെ), ഡോ. സിബ, സയന്റിസ്റ്റ്-ബി, ഐസിഎംആര്‍-എന്‍ഐവി, കേരള യൂണിറ്റ്), ജിജോ കോശി, സീനിയര്‍ ടെക്നീഷ്യന്‍-ഐ, ഐസിഎംആര്‍-എന്‍ഐവി, കേരള യൂണിറ്റ്) എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട്ടെത്തിയത്.
മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബ് സന്ദര്‍ശിച്ച സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ ജി സജിത്ത് കുമാറുമായി നിപ പ്രതിരോധ സംവിധാനങ്ങളെ കുറിച്ചും മെഡിക്കല്‍ കോളേജിലെ ഒരുക്കങ്ങളെ കുറിച്ചും സംസാരിച്ച സംഘം, മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു.
പുനെയില്‍ നിന്നുള്ള മൊബൈല്‍ ബിഎസ്എല്‍-3 ലബോറട്ടറി എത്തിയ മുറയ്ക്ക് ഐസിഎംആര്‍ സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചെത്തും. ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനു വേണ്ടിയാണിത്. പുനെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള നിന്ന് പുറപ്പെട്ട മൊബൈല്‍ ലാബ് കര്‍ണാടക അതിര്‍ത്തി വഴിയാണ് കോഴിക്കോട്ട് എത്തിയത്.