1990നു ശേഷം ഇടതുപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് പാര്ശ്വവല്ക്കരിക്കപ്പെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബിജെപിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനു കഴിയുന്നത് കേരളമെന്ന കൊച്ചുതുരുത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ കൊട്ടാരക്കര മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മുന്നണി ആകുമ്പോള്‍ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുമെന്നും അതെല്ലാം കക്ഷികള്‍ വീതം വച്ചെടുക്കണമെന്നും കാനം പറഞ്ഞു. സുഖദുഃഖങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികള്‍ക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു.
‘രാജ്യത്ത് ഏറ്റവും കൂടുതല്‍ പാര്‍ട്ടി അംഗങ്ങളുള്ള ഘടകമാണ് കേരളം. കേരളത്തില്‍ മാത്രം 1.77 ലക്ഷം പാര്‍ട്ടി അംഗങ്ങളുണ്ട്. 11,226 ബ്രാഞ്ചുകളുണ്ട്. കഴിഞ്ഞ സമ്മേളനം കഴിഞ്ഞ് 2061 ബ്രാഞ്ചുകള്‍ കൂടി പ്രവര്‍ത്തനം കഴിഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടാനുള്ള പാര്‍ട്ടിയുടെ ശേഷിയും വര്‍ദ്ധിച്ചു. പാര്‍ട്ടിയുടെ സാന്നിധ്യവും പ്രഹരശേഷിയും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മാത്രം പോരായെന്നും സംഘടന കെട്ടുറപ്പുള്ള പാര്‍ട്ടിയായി മാറിയാലേ ശക്തമായി പൊതുസമൂഹത്തില്‍ ഇടപെടാനാവൂ എന്നും കാനം രാജേന്ദ്രന് പറഞ്ഞു.
ഭിന്നിപ്പിന് ശേഷം സിപിഎമ്മും സിപിഐയും മുഖാമുഖം നിന്ന് പോരടിച്ചിട്ടുണ്ടെങ്കിലും ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ദേശീയ വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും ഒരേ സമീപനത്തിലാണ്. ബിജെപി കോണ്‍ഗ്രസിലേക്ക് എത്തുന്നതും കോണ്‍ഗ്രസ് ബിജെപിയിലേക്ക് എത്തുന്നതും റോഡ് മുറിച്ച് കടക്കുന്ന ലാഘവത്തോടെയാണ്. ആര്‍എസ്എസിന് ബദല്‍ മുസ്ലീം വര്‍ഗീയതയല്ല.
ദേശീയ ഏജന്‍സികളെ നിരത്തി ഇടത് സര്‍ക്കാരിനെ തര്‍ക്കാമെന്ന് കരുതിയവര്‍ കേരളത്തിലുണ്ട്. ജനകീയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. വിസകന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. നടപ്പാക്കാനാകില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് ജനങ്ങളോട് തുറന്ന് പറഞ്ഞിട്ടുമുണ്ട്. മാധ്യമ വിശാരദന്മാര് എഴുതിയത് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരില്ലന്നാണ്. എല്ലാം അപഗ്രഥിക്കുന്നവര്‍ ആണ് അവര്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് 99 സീറ്റുമായി അധികാരത്തില്‍ വന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണം. രാഷ്ട്രീയ പ്രവര്ത്തകന് സാമൂഹ്യ പ്രവര്‍ത്തകനാകണം. കോണ്‍ഗ്രസ് ബിജെപി അതിര്‍വരമ്പ് നേര്‍ത്ത് വരികയാണ്. മതനിരപേക്ഷ ആശയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
ഇന്നലെയാണ് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായത്. റെഡ് വളണ്ടിയര്‍ മാര്‍ച്ചിന് ശേഷം നെടുമങ്ങാട്ടെ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ തുടങ്ങിയത്. പൊതുസമ്മേളനം കേന്ദ്ര കണ്ട്രോള് കമ്മീഷന് അംഗം പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും . തുടര്‍ന്ന് റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച നടക്കും. നാളെ ഉച്ചയോടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും.
മാങ്കോട് രാധാകൃഷ്ണന് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത. 365 പ്രതിനിധികളാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സില്‍വര്‍ ലൈന്‍ അടക്കം വന്‍കിട വികസന വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് മുതല്‍ മന്ത്രിമാരുടെ പ്രവര്‍ത്തനം വരെ പലവിധ പ്രശ്നങ്ങള്‍ പ്രതിനിധികള്‍ ഉന്നയിക്കും. സര്‍ക്കാറിനെ വിമര്ശിക്കുമ്പോളും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അടക്കമുള്ളവര്‍ പ്രകടിപ്പിക്കുന്ന മിതത്വം വിമര്‍ശന വിധേയമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല’ കാനം രാജേന്ദ്രന് പറഞ്ഞു.