കോഴിക്കോട് : പെരുവയൽ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗികൾക്കുള്ള രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ സജ്ജമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത അറിയിച്ചു. എ.എഡ്യു.എച്ച് കോളജ് ഹോസ്റ്റൽ , കുറ്റിക്കാട്ടൂർ ബീ ലൈൻ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ ഒരുക്കിയത്. ഇതിൽ എ.എഡ്യു.എച്ച് കോളജ് ഹോസ്റ്റൽ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ സജ്ജീകരിച്ച ശേഷം ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.
ഇവിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികളെ താമസിപ്പിക്കും. ഇതിന് പുറമെ ഗ്രാമ പഞ്ചായത്തിലെ രോഗികൾക്ക് മാത്രമായുള്ള കേന്ദ്രമാണ് ബീ ലൈനിൽ ഒരുക്കിയത്. ഇതിൻ്റെ പ്രവർത്തനം ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിലാണ് നടക്കുക. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ കേന്ദ്രങ്ങൾ പര്യാപ്തമാവാതെ വരുന്ന ഘട്ടത്തിൽ മാത്രമാണ് പഞ്ചായത്ത് കേന്ദ്രം പ്രവർത്തനമാരംഭിക്കുക.
എ.ഡബ്യു.എച്ച് ൽ 175 , ബീ ലൈൻ 102 വീതം ബെഡുകളാണുള്ളത്. വീടുകളിൽ ക്വാറൻ്റിൻ സൗകര്യമില്ലാത്തവർക്കായി ഗ്രാമപഞ്ചായത്ത് ഒരുക്കിയ കോവിഡ് കെയർ സെൻ്ററിന് നിലവിലെ കെട്ടിടത്തിന് പുറമെ കുടുതൽ കെട്ടിടം ഏറ്റെടുക്കുമെന്നും പ്രസിഡണ്ട് വ്യക്തമാക്കി. വിവിധ യുവജന സംഘടനകളുടെ 200 വളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ , പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് സെൻ്റർ ക്രമീകരിച്ചത്. ഇവരെ പ്രസിഡണ്ട് അഭിനന്ദിച്ചു.

