നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആക്രമിക്കപ്പെട്ട നടി വളരെ ഗുരുതരമായ ആരോപണമാണ് സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ സമാന്തരമായ അന്വേഷണം വേണമെന്നും ഇടനിലക്കാരായ സി പി എം നേതാക്കളുടെ പേര് പുറത്തുവരണമെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സര്‍ക്കാരാണ്. കേരള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. നടി ആക്രമിക്കപ്പെട്ട കേസ് പാതി വെന്ത നിലയിലാണ് കോടതിയിലെത്തിയതെന്നും വിഡി കുറ്റപ്പെടുത്തി.
കൂടാതെ, വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനായി സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. പി.സി. ജോര്‍ജിന് ജാമ്യം കിട്ടാന്‍ ആഭ്യന്തര വകുപ്പ് സാഹചര്യമൊരുക്കി. ജാമ്യം കിട്ടാന്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനം എന്തിനാണെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് നടക്കുന്നുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കള്ളവോട്ടിന് കൂട്ടുനിന്നാല്‍ അവര്‍ക്കെതിരെ സുപ്രീം കോടതി വരെ പോകാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.