കോവിഡിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി കുരങ്ങുപനി പടരുന്നും. ഇസ്രയേലില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ മധ്യേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസായി ഇത് മാറി.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റുള്ളവരെ നിരീക്ഷിച്ച് വരികയാണെന്നും ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് രോഗം.
ആഗോളതലത്തില്‍ 12 രാജ്യങ്ങളിലായി 100 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. കുരങ്ങുപനി സാധാരണ കണ്ടുവരാത്ത രാജ്യങ്ങളില്‍ നിരീക്ഷണം വ്യാപിപ്പിക്കുന്നതിനാല്‍ കൂടുതല്‍ കേസുകള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.
കുരങ്ങുപനിയുടെ വ്യാപനം എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങളും വരും ദിവസങ്ങളില്‍ രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.