മലയാള സിനിമയിലെ ഒരു ഗ്യാങ്ങിന്റേയും ഭാഗമായല്ല താന്‍ ജോലി ചെയ്യുന്നതെന്ന് നടന്‍ ടൊവിനൊ തോമസ്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുന്ന സിനിമകള്‍ ചെയ്യുന്ന ആളോ, ചില ആളുകള്‍ക്കൊപ്പം മാത്രം സിനിമ ചെയ്യുന്ന ആളോ അല്ല ഞാന്‍. മലയാള സിനിമയെ മൊത്തത്തില്‍ ഒരു ടീമായാണ് കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം വന്നു എന്ന് മനസിലാകുന്നില്ലെന്നും ടൊവിനൊ ദുബായിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
സിനിമകളില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കേണ്ടത് എന്റെര്‍ടെയിന്‍മെന്റ് മാത്രമാണ്. അതിലൂടെ തെറ്റായ സന്ദേശം ആളുകളിലേയ്ക്ക് എത്താതാരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. അല്ലാതെ എല്ലാത്തിലും അഭിപ്രായം പറഞ്ഞ് കൈയ്യടി വാങ്ങേണ്ട ആവശ്യമില്ല. ഇവിടെ അഭിപ്രായം പറഞ്ഞിട്ടും വല്യമാറ്റമൊന്നും വരില്ല.
നമ്മുടെ നിലപാടുകള്‍, പ്രതികരണങ്ങള്‍ ഇവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെയും സിനിമയിലൂടെയും മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഞങ്ങളെല്ലാവരുടേയും പ്രവര്‍ത്തന മേഖലയായ സിനിമകളിലൂടെയാണ് അത് പറയുന്നതും. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ പഴയ പോസ്റ്റുകള്‍ പരിശോധിക്കാം. അവയൊന്നും ഡിലീറ്റ് ചെയ്യുന്ന ആളല്ല ഞാന്‍. പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചിട്ടുമുണ്ട്, പിന്നീട് അതിന്റെയൊക്കെ പ്രത്യാഖാതങ്ങള്‍ അനുഭവിച്ചിട്ടുമുണ്ട്.
എന്തെങ്കിലും ഒരു വിഷയത്തില്‍ പ്രതികരിക്കുന്നത് പോലും വളരെ ശ്രദ്ധിച്ച് വേണം. ഇന്ന് നടക്കുന്ന വിഷയം രണ്ട് ദിവസം കഴിയുമ്പോള്‍ അതിന്റെ മറ്റൊരു മുഖമാവും പുറത്തുവരിക. അന്ന് നിങ്ങളൊക്കെ മറുകണ്ടം ചാടും, പ്രതികരിച്ച നമ്മളൊക്കെയാവും കുഴപ്പത്തിലാകുക. അഭിപ്രായം പറഞ്ഞ് കൈയ്യടി വാങ്ങേണ്ട ആവശ്യമില്ല. നിങ്ങള്‍ ഞങ്ങളെ കാണുന്നത് ഇന്‍ഫ്‌ലുവന്‍സേഴ്‌സ് എന്ന നിലയിലാണെങ്കില്‍ അത് ഞങ്ങള്‍ ചെയ്യുന്നുണ്ട്. സ്വന്തം സിനിമയിലൂടെ തെറ്റായ ഒന്നും ആളുകളിലേയ്ക്ക് എത്തരുതെന്നുണ്ട്. അതേ നമ്മള്‍ ചെയ്യേണ്ടതുള്ളൂ എന്നും ടൊവിനൊ വ്യക്തമാക്കി.