കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുകൂല നിലപാടുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിക്കൊണ്ടുള്ള ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി ഭാരതി പവാര്‍ അറിയിച്ചു. കെ മുരളീധരന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനം ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇതിന്റെ ഭാഗമായിട്ടുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ധനമന്ത്രാലയം ആണെന്നും കേന്ദ്രമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാലു സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി വ്യക്തമാക്കി.
കേരളത്തിനും ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് കേന്ദ്രം കൈമാറിയിട്ടുണ്ട്. അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ച് കേരളത്തിനും കേന്ദ്രം കത്ത് കൈമാറിയിട്ടുണ്ട്. ഇതുപ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധസമിതിയാവും അന്തിമപരിശോധന നടത്തി സ്ഥലം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.