കൊറോണയുടെ വ്യാപനം തടയുന്നതിനായി കൃത്യമായ ദൈനംദിന നിരീക്ഷണത്തിനും ഡാറ്റ ശേഖരണത്തിനും സമഗ്രവും ലളിതവുമായ സംവിധാനവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. കൊറോണ വൈറസ് സംശയിക്കുന്ന ആളുകളുടെ ദൈനദിന നിരീക്ഷണത്തിനായുള്ള സമഗ്ര വികേന്ദ്രീകൃത ഓൺലൈൻ മാനേജ്മെന്റ് സംവിധാനമാണ് വികസിപ്പിച്ചിട്ടുള്ളത്.
കേവിഡ് 19 ജാഗ്രത എന്നാണ് പ്രോഗ്രസീവ് വെബ് അപ്ലിക്കേഷന്റെ പേര്. https://kozhikode.nic.in/covid19jagratha ലിങ്കിൽ അപ്ലിക്കേഷന്‍ ലഭിക്കും.
ജില്ലയിലെ കോവിഡ് 19 സംശയിക്കുന്ന വ്യക്തികളുടെ സമ്പൂർണ വ്യക്തിഗത വിവരങ്ങൾ, യാത്ര വിവരങ്ങൾ, ആരോഗ്യസംബന്ധമായ വിവരങ്ങൾ ഇതിൽ ശേഖരിച്ചു സൂക്ഷിക്കാനാകും. ആരോഗ്യ പ്രവർത്തകർക്ക് സമയനഷ്ടമില്ലാതെ വിവരങ്ങൾ ശേഖരിക്കാനും പരിഹരിക്കാനുള്ള ലളിതമായ സംവിധാനം, ഹോം ക്വാറൻ്റയിനിൽ / ഐസൊലേഷനിൽ കഴിയുന്നവർക്ക് സഹായം അഭ്യർത്ഥിക്കാനുള്ള സംവിധാനം, പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനുള്ള സംവിധാനം, പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ, ഇൻഫർമേഷൻ എജുക്കേഷൻ കമ്മ്യൂണിക്കേഷൻ ക്യാമ്പയിൻ പ്രചരണ വസ്തുക്കൾ, സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ലഭ്യമാണ്.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്ക് ആവശ്യമായ സഹായങ്ങൾ അഭ്യർത്ഥിക്കാനും, പൊതുജനങ്ങൾക്ക് നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിയെ സംബന്ധിച്ചോ മറ്റെന്തെങ്കിലുമോ പരാതികൾ അറിയിക്കുന്നതിനും സഹായം തേടുന്നതിനും കോവിഡ് ജാഗ്രത എന്ന വെബ്സൈറ്റിലൂടെ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ഓൺലൈൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന പരാതികൾ ജില്ലാ ഡിസാസ്റ്റർ കൺട്രോൾ റൂം പോലീസ് കൺട്രോൾ റൂം എന്നിവർ നിരീക്ഷിച്ച് ഉടൻ പ്രശ്ന പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
സഹായം അഭ്യർത്ഥിക്കുന്നതിനും പരാതികൾ അറിയിക്കുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കാം. ജില്ലാ കൺട്രോൾ റൂം വഴിയും പരാതികൾ അറിയിക്കാവുന്നതാണ്. ജില്ലാ കൺട്രോൾ റൂം : 04952373901, 2371471, 2371002.