കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പിവി സത്യനാഥന്‍ (62) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപ്പുരം ക്ഷേത്രോത്സവത്തിനിടെയാണ് ക്രൂര കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുവട്ടൂര്‍ സ്വദേശി പുറത്തോന അഭിലാഷിനെയാണ് (30) കസ്റ്റഡിയില്‍ എടുത്തത്. അഭിലാഷ് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കോഴിക്കോട് റൂറല്‍ എസ് പി പ്രതികരിച്ചു.
വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നു കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎം ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ ആചരിക്കും.
വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലില്‍ അധികം വെട്ടുകളേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് ആക്രമണം. കൊയിലാണ്ടി നഗരസഭയിലേക്ക് സത്യനാഥന്‍ നേരത്തെ മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്‌സ് മാനേജരാണ്. അച്ഛന്‍: അപ്പു നായര്‍, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കള്‍: സലില്‍ നാഥ്, സലീന. മരുമക്കള്‍ അമ്പിളി, സുനു.