കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെയാണ് ദിലീപിനെതിരെ യാതൊരു തെളിവുമില്ലെന്ന് പറയുന്നത്. എന്തുകൊണ്ട് ഇവർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ല. ദിലീപിനെതിരെ തെളിവില്ലെന്ന് ശ്രീലേഖ ഐപിഎസിനും അടൂർ ഗോപാലകൃഷ്ണനും എങ്ങനെ അറിയാമെന്നും ഭാഗ്യലക്ഷമി ചോദിച്ചു.
സഹോദരൻ ദിലീപിന് മാത്രമേ മാനവും അഭിമാനവും കുടുംബവുമൊക്കെയൊളളൂ. അതിജീവിതയ്ക്ക് ഇതൊന്നുമില്ലെ. പെൺകുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല. ശ്രീലേഖ ഐപിഎസും അടൂരും പുരുഷമേധാവിത്വത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. സിനിമയിൽ നമ്മൾ കാണുന്നവരെല്ലാം നല്ലവരാണ്. അതിന് പുറത്ത് എല്ലാ മനുഷ്യന്റെ ഉള്ളിലും മറ്റൊരു കഥാപാത്രമുണ്ടെന്നും ഭാഗ്യലക്ഷമി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അടൂർ ഗോപാലകൃഷ്ണനെ വിമർശിച്ച് അതിജീവിതയുടെ സഹോദരൻ രംഗത്തെത്തിയത്. കേസിൽ അങ്ങയുടെ പ്രതികരണം കണ്ടപ്പോൾ ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു പ്രശസ്തൻ കൂടിയെന്ന സഹതാപത്തോടെ നോക്കിക്കാണുകയാണെന്ന് അതിജീവിതയുടെ സഹോദരൻ വിമർശിച്ചു.
‘കോടതിയിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിൽ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കിൽ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് പ്രസ്തുത നടനോടുള്ള അന്ധമായ ആരാധന. രണ്ടാമത്തേത് കോടതിയിൽ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് താങ്കൾക്ക് ഒന്നും തന്നെ അറിയില്ലെന്ന പച്ച പരമാർത്ഥം’, അതിജീവിതയുടെ സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചു.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് അടൂർ ഗോപാലകൃഷ്ണൻ രംഗത്തുവന്നിരുന്നു. കേസിൽ ദിലീപ് നിരപരാധിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നായിരുന്നു അടൂരിന്റെ പ്രതികരണം. കേസിന് പിന്നിൽ അറിയാൻ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാൾ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരെയുളള ആരോപണങ്ങൾക്ക് യാതൊരു തെളിവുമില്ല. ദിലീപിനെതിരായ ആരോപണങ്ങൾ തെളിയിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂർ പറഞ്ഞു.