കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുരുവട്ടൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ച ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തൊഴിലാളികളുടെ വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിക്കുക എന്ന ആവശ്യവുമായി എൻആർഇജി വർക്കേഴ്സ് യൂണിയൻ കക്കോടി, കുന്ദമംഗലം എന്നീ ഏരിയ കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ നടന്ന സമരം ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി ബാബു സ്വാഗതം പറഞ്ഞു. യൂണിയന്റെ കുന്ദമംഗലം ഏരിയ ട്രഷറർ പ്രവീൺ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, ശിവദാസൻ നായർ, ശങ്കരനാരായണൻ തുടങ്ങിയ ഏരിയ കമ്മിറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.

