കേരളത്തിലെ പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ച് മുഖ്യമന്ത്രി. 2021- 22 ല്‍ 10,000 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 8383 കിമീ റോഡ് ഈ വര്‍ഷം പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം ആവശ്യമുള്ളതുകൊണ്ടാണ് മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേല്‍പാലങ്ങളുടെയും നിര്‍മ്മാണം സാധ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാനസൗകര്യവികസനത്തില്‍ വലിയ മാറ്റങ്ങളാണ് കേരളം ദര്‍ശിക്കുന്നത്. കിഫ്ബി, റീബിള്‍ഡ് കേരള, കെഎസ്ഡിപി, വാര്‍ഷിക പദ്ധതികള്‍ ഇവയെല്ലാം പ്രയോജനപ്പെടുത്തി 25000കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിലൂടെ സംസ്ഥാനത്ത് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.