ലോകകപ്പ് ഫുട്ബോൾ ജയത്തിൻറെ തിളക്കത്തിൽ അർജൻറീനയിലെ കറൻസികളിൽ ലിയോണൽ മെസി ഇടം നേടിയേക്കുമെന്ന് റിപ്പോർട്ട്. ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന സ്പോർട്സ് താരമായ മെസിയുടെ ഫൈനൽ മത്സരത്തിലെ നിർണായക പങ്കിനാണ് ബഹുമതിയെന്നാണ് അന്തർദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നത്. 36 വർഷത്തിന് ശേഷം ലോക കപ്പ് ഫുട്ബോൾ നേട്ടത്തിൻറെ ആഘോഷത്തിലാണ് അർജൻറീനയും ആരാധകരും.
കറൻസിയിൽ മെസിയുടെ ചിത്രം പതിപ്പിക്കുന്നത് സംബന്ധിച്ച് തർച്ചകൾ ബാങ്ക് ഓഫ് ആർജൻറീനയുടെ റെഗുലേറ്ററുടെ നേതൃത്വത്തിലുള്ള യോഗം ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. യോഗത്തിൽ ആദ്യം തമാശ രൂപത്തിലാണ് നിർദ്ദേശം ഉയർന്നതെങ്കിലും യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർ നിർദ്ദശത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനോടകം അർജൻറീനയുടെ കറൻസിയായ പെസോയിൽ മെസിയുടെ മുഖം വച്ചുള്ള ഡമ്മി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
നോട്ടിൻറെ ഒരു ഭാഗത്താവും മെസിയുടെ ചിത്രമുണ്ടാകുക. മറുഭാഗത്ത് കോച്ച് സ്കലോണി നയിക്കുന്ന ടീം അംഗങ്ങളുടെ ചിത്രമാവും ഉണ്ടാവുക. 1978ൽ ആദ്യമായി അർജൻറീന ലോകകപ്പ് നേടിയ സമയത്ത് നേട്ടത്തെ അനുസ്മരിപ്പിക്കുന്ന നാണയങ്ങൾ രാജ്യം പുറത്തിറക്കിയിരുന്നു. മെസി നയിക്കുന്ന അർജൻറീന ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൌട്ടിൽ 4-2 നെ പരാജയപ്പെടുത്തിയാണ് ലോകകപ്പ് നേടിയത്.
ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് ഖത്തർ ലോകകപ്പിൽ മെസി നൽകിയ സംഭാവന. കാൽപ്പന്ത് ലോകം കാൽക്കീഴിലാക്കിയ ലിയോണൽ മെസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തമായിരുന്നു ഖത്തർ ലോകകപ്പിലേത്. വർഷങ്ങളായി കാത്തുകാത്തിരുന്നു ലോകകപ്പ് വിജയം. ഫൈനലിൽ ഫ്രാൻസിൻറെ ഷൂട്ടൗട്ട് പരീക്ഷണം അതിജീവിച്ചാണ് മെസി ലോക ചാമ്പ്യനായത്.