റിയോ ഡി ജനിറോ: ബ്രസീൽ – അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഗാലറിയിൽ ഇരു ടീമിന്റെയും ആരാധകർ തമ്മിൽ തല്ലി. മാറക്കാന ഫുട്‌ബോൾ സ്‌റ്റേഡിയത്തിലാണ് കൈയാങ്കളി അരങ്ങേറിയത്. ഇതോടെ മത്സരം അര മണിക്കൂർ വൈകി. ഇന്ത്യൻ സമയം രാവിലെ ആറിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം 6.30-നാണ് തുടങ്ങിയത്. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീനാ താരങ്ങൾ മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നു. ഗാലറിയിൽ സംഘർഷമുണ്ടായതോടെ തിരികെക്കയറി. തുടർന്ന് സ്ഥിതിഗതികൾ ശാന്തമായതോടെയാണ് വീണ്ടും കളിക്കാനെത്തിയത്. ഇരുരാജ്യങ്ങളും ദേശീയ ഗാനം ചൊല്ലുന്നതിനായി അണിനിരന്നപ്പോഴാണ് ഗാലറിയിൽ സംഘർഷമുണ്ടായത്. ഇതോടെ പോലീസെത്തി ലാത്തിച്ചാർജ് നടത്തി.ലാത്തിച്ചാർജിൽ നിരവധി അർജന്റീന ആരാധകർക്ക് പരിക്കേറ്റു. ഇത് ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമിനെ പ്രകോപിപ്പിച്ചു. ഏറ്റുമുട്ടൽ നടന്ന ഇടത്തേക്ക് വിരൽ ചൂണ്ടി അധികൃതരുമായി മെസി എന്തോ സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. ‘ഞങ്ങൾ കളിക്കുന്നില്ല, പോകുന്നു’വെന്ന് മൈതാനം വിടുന്നതിനു മുൻപായി മെസി വ്യക്തമാക്കി. മത്സരത്തിൽ അർജന്റീന ഒരു ഗോളിന് ജയിച്ചു. 63-ാം മിനിറ്റിൽ നിക്കോളസ് ഓട്ടമെൻഡി നേടിയ ഗോളിലാണ് അർജന്റീന ബ്രസീലിനെ വീഴ്ത്തിയത്. ഹെഡറിലൂടെയായിരുന്നു ഗോൾ. അർജന്റൈൻ മധ്യനിരക്കാരൻ ഡി പോളിനെ ഫൗൾ ചെയ്തതിന് 81-ാം മിനിറ്റിൽ ബ്രസീലിന്റെ ജോലിൻടൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.