മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കേരളത്തിലെ യു.ഡി.എഫ് സുസജ്ജമാണെന്നതിന്റെ തെളിവ് കൂടിയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മികച്ച ആസൂത്രണവും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഏകോപിപ്പിച്ച കണ്ണൂരിലെ യു.ഡി.എഫ് നേതാക്കളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . അധികാരത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞ് തുടങ്ങി. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ തുടക്കമാണ് സി.പി.എമ്മുകാര്‍ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ കണ്ടത്. ഏത് കോട്ടയും പൊളിയും.
മട്ടന്നൂരില്‍ എല്‍.ഡി.എഫിന് മൃഗീയ ആധിപത്യമുള്ള 8 സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ സീറ്റ് ഇരട്ടിയായി. ഒരു വാര്‍ഡ് നാല് വോട്ടിനാണ് പരാജയപ്പെട്ടത്. നാല് സീറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ യു.ഡി.എഫ് നഗരസഭ ഭരിക്കുമായിരുന്നു. ചില സീറ്റുകളില്‍ സി.പി.എം-ബി.ജെ.പി ധാരണയും എസ്.ഡി.പി.ഐ സഹായവും ഇല്ലായിരുന്നുവെങ്കില്‍ മട്ടന്നൂരില്‍ കഥ മാറിയേനെ.
ശക്തമായ രാഷ്ട്രീയ മത്സരത്തിലൂടെ സീറ്റ് ഇരട്ടിയാക്കിയ യു.ഡി.എഫ് പോരാളികളെയും മട്ടന്നൂരിലെ ജനാധിപത്യ വിശ്വാസികളെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഹൃദയാഭിവാദ്യങ്ങളെന്നും വി ഡി സതീശൻ പറഞ്ഞു