ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കാനുള്ള സര്‍വ്വകലാശാല ഭേദഗതി ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. കാര്യ ഉപദേശക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നേരത്തെ 26ന് ബില്‍ അവതരിപ്പിക്കായിരുന്നു നീക്കം. 25, 26 ദിവസങ്ങളില്‍ നിയമസഭ ഉണ്ടാകില്ല.
ലോകായുക്ത ഭേദഗതി ബില്ലും 24ന് തന്നെ നിയമസഭയിലെത്തും. ലോകായുക്തയുടെ വിധി പുഃനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി. മന്ത്രിമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയിലെ അഴിമതി തടയാനുള്ള അധികാരം ഗവര്‍ണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപിതമാക്കുന്നതാണ് ബില്‍.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കേരള സര്‍വ്വകലാശാല ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. കണ്ണൂര്‍ വിസിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ഗവര്‍ണറും സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി. നിലവിലെ സാഹചര്യത്തില്‍ സഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
ലോകായുക്ത ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ മടിച്ച അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നിയമ നിര്‍മാണത്തിനായി പ്രത്യേക നിയമസഭ സെഷന്‍ വിളിച്ചു ചേര്‍ത്തത്. നിയമ നിര്‍മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സഭ സമ്മേളിക്കായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ വന്നതോടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സെപ്തംബര്‍ 2 വരെയാണ് പ്രത്യേക സമ്മേളനം തുടരുക.