കോഴിക്കോട്: മടവൂര്‍ കിഴക്കോത്ത് പഞ്ചായത്തിലെ പാലോറമലയില്‍ സംഭവിച്ചതടക്കം കനത്ത മഴയില്‍ ജില്ലയുടെ മൂന്നിടത്തുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം സോയില്‍ പൈപ്പിങ്ങിന് സമാനമായ പ്രതിഭാസമെന്ന് പ്രാഥമിക നിഗമനം. പാലോറമലയെക്കൂടാതെ കാരശേരി പഞ്ചായത്തിലെ പൈക്കാടന്‍ മല, കായണ്ണയിലെ കല്ലാനിമല എന്നിവിടങ്ങളിലായിരുന്നു മണ്ണിടിഞ്ഞത്. ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ മണ്ണിന്റെ ഘടനാമാറ്റത്തെക്കുറിച്ച് പഠിച്ച വിദഗ്ധ സംഘം കലക്ടര്‍ സാംബശിവ റാവുവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിഗമനം.
ഭൂമിക്കടിയില്‍ നിന്ന് മണ്ണും ചെളിയും വെള്ളവും ഒലിച്ചിറങ്ങുന്നതിന് സമാനമായ സ്ഥിതിയാണ് ‘സോയില്‍ പൈപ്പിങ്’. ജലവിഭവ വികസന വിനിയോഗ കേന്ദ്രം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് വി പി ദിനേശന്റെ നേതൃത്വത്തില്‍ മണ്ണുസംരക്ഷണ വിഭാഗം, ജിയോളജി വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.
വിഷയത്തിന്റെ അടിസ്ഥാനത്തില്‍ പാലോറമലയിലടക്കം പ്രദേശവാസികളെ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. ജനങ്ങളില്‍ വലിയ ആശങ്കയാണ് മണ്ണിടിച്ചില്‍ സൃഷ്ടിച്ചത്. അതിനാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പഠനം നടത്തിയേക്കും.