കാസർഗോഡിന് ഇനി ആശ്വസിക്കാം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ജൂലൈ അവസാന വാരത്തോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് ആശുപത്രി കൈമാറാനാണ് ലക്ഷ്യമിടുന്നത്.ഒരോ പ്രതിസന്ധിഘട്ടങ്ങളിലും ജില്ലാ ഭരണകൂടവും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും നല്‍കിയ സഹായസഹകരണങ്ങള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ സഹായകമായിയെന്നും ടാറ്റാ ഗ്രൂപ്പ് പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പി എല്‍ പറഞ്ഞു.
കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലാണ് നിര്‍മ്മിക്കുന്നത്.
ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയെ മൂന്ന് സോണുകളായി തിരിക്കും. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്. 128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 540 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി ഒരുങ്ങുന്നത്.
തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. ആശുപത്രി യൂണിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിര്‍മ്മാണവും ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി ചെയ്യുന്നത്. ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തിര ഘട്ടങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് ആദ്യമായി കാസര്‍കോടാണ് ചെയ്യുന്നത്.
ഏപ്രില്‍ 28, 29 തിയ്യതികളിലാണ് ആശുപത്രി നിര്‍മ്മാണം ആരംഭിച്ചത്. ജൂലൈ 30 നോട്കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ടാറ്റാ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ 50 തൊഴിലാളികളാണ് നിര്‍മ്മാണ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരിക്കുന്നത്. അധികം മെഷീന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങളാണ്. തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു. എന്നിരുന്നാലും നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. ജൂലൈ അവസാന വാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആശുപത്രി സര്‍ക്കാരിന് വിട്ടു നല്‍കാനാകുമെന്നാണ് കരുതുന്നതെന്നും ടാറ്റാ ഗ്രൂപ്പ് പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പി എല്‍ പറയുന്നു.
ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ടാറ്റാ ഗ്രൂപ്പ് ആശുപത്രി സംസ്ഥാന സര്‍ക്കാരിന് കൈമാറും. തുടക്കത്തില്‍ കോവിഡ് ആശുപത്രിയായാണ് പ്രവര്‍ത്തനമാരംഭിക്കുക. അതിന് ശേഷം ഇത് എങ്ങനെ ഉഫയോഗിക്കണമെന്ന് തിരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാ ചികിത്സായ സംവിധാനങ്ങള്‍ക്കുമുള്ള സൗകര്യം ആശുപത്രിയിലുണ്ട്. എന്നാല്‍ എന്തെല്ലാം മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് തിരുമാനിക്കേണ്ടതും സജ്ജീകരിക്കേണ്ടതും സര്‍ക്കാരാണ്. ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനവും സര്‍ക്കാര്‍ തന്നെയാണ് നടത്തുകയെന്നും ആന്റണി പി എല്‍ പറഞ്ഞു