ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് മോഹന്‍ലാലെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ചിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ രജനീകാന്ത്, മോഹന്‍ലാൽ, സൂര്യ എന്നിവർക്ക് പുറമെ സംവിധായകന്‍ ശങ്കര്‍, ഹാരീസ് ജയരാജ്, കാര്‍ത്തി തുടങ്ങിയ സിനിമ ലോകത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.മോഹന്‍ലാലിന്റെ സാന്നിധ്യം തന്നെ കാപ്പാന്‍ എന്ന ഈ സിനിമയ്ക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണെന്നും രജനികാന്ത് പറഞ്ഞു.
തന്റെ സഹോദരനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു എന്നാണ് കാര്‍ത്തി പറഞ്ഞത്. കാരണം തന്റെ ഇഷ്ട താരത്തിനോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം സൂര്യയ്ക്ക് ഉണ്ടായെന്ന് കാര്‍ത്തി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷങ്ങളായി തനിയ്ക്ക് കെവി ആനന്ദിനെ അറിയാം. തേന്മാവിന്‍ കൊമ്പത്തു മുതല്‍ ഈ ചിത്രം വരെ. കൂടാതെ സൂര്യയോടൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലുമാണ് താനെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു.
കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും എത്തുന്നു.