കോഴിക്കോട് ജില്ലയില്‍ ഹോട്ടലുകള്‍, ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ റേറ്റിംഗ് നല്‍കുന്നു.
കേന്ദ്ര ടൂറിസം വകുപ്പും സ്വച്ച് ഭാരത് മിഷനും ചേര്‍ന്ന് നല്‍കുന്ന സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് ശുചിത്വമിഷനാണ്. ശുചിത്വ മാലിന്യ സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ റേറ്റിംങ്ങിനായി സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം.
ഇതിനായി കേരളത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ കമ്മിറ്റി ഇതിനോടകം രൂപീകരിക്കുകയും റേറ്റിംഗ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി 0495-2370677 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എം ഗൗതമന്‍ അറിയിച്ചു.
വിനോദ സഞ്ചാരമേഖലയില്‍ ഗ്രീന്‍ ലീഫ് റേറ്റിംഗ്
വിനോദ സഞ്ചാരമേഖലയില്‍ ഗ്രീന്‍ ലീഫ് റേറ്റിംഗ് നടപ്പാക്കുന്നു. ഗ്രാമീണ മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടാണ് റേറ്റിംഗ് . ‘സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്’ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് സംസ്ഥാന ശുചിത്വ മിഷനാണ്.
അതിഥിമന്ദിരങ്ങള്‍ ശുചിത്വ നിലവാരത്തില്‍ പാലിക്കുന്ന കൃത്യതയ്ക്കുള്ള അംഗീകാരമായിരിക്കും സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്. റേറ്റിംഗിലൂടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരത്തിലെ വിശ്വാസ്യതയും ബിസിനസ്സ് സാധ്യതകളും വര്‍ധിപ്പിക്കും.
റേറ്റിംഗിനായി sglrating.suchitwamission.org ല്‍ രജിസ്റ്റര്‍ ചെയ്ത് യൂസര്‍നെയിമും, പാസ്വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അപേക്ഷ നല്‍കാവുന്നതാണ്.