കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ ആരോപണത്തിന് മറുപടിയുമായി പി.കെ. കുഞ്ഞനന്തന്റെ മകള്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആരോപണമാണെന്നും അച്ഛനെ കൊന്നത് യു.ഡി.എഫ് സര്‍ക്കാറാണെന്നും മകള്‍ ഷബ്‌ന മനോഹരന്‍ പറഞ്ഞു.
‘ അച്ഛന്‍ മരിച്ചത് വയറ്റില്‍ അള്‍സര്‍ മൂര്‍ച്ഛിച്ചാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അദ്ദേഹത്തിന് മനപൂര്‍വം ചികിത്സ വൈകിപ്പിക്കുകയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോഴാണ് ചികിത്സ ലഭിച്ചത്. എന്നാല്‍ രോഗം പാരമ്യത്തിലെത്തിയിരുന്നു. അച്ഛനെ യു.ഡി.എഫ് സര്‍ക്കാര്‍ കൊന്നതാണെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു’- ഷബ്‌ന പറഞ്ഞു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കുഞ്ഞനന്തന്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഷാജി ആരോപിച്ചത്. ടി.പി കൊലക്കേസില്‍ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണ്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലുമെന്നും ഷാജി പറഞ്ഞു.