പനാജി: ഭര്‍ത്താവ് ഭാര്യയെ കടലില്‍ മുക്കിക്കൊന്നു. ഗോവയിലെ ആഡംബര ഹോട്ടലിലെ മാനേജരായ ഗൗരവ് കത്യാറാണ്(29) ഭാര്യ ദിക്ഷ ഗംഗ്‌വാറിനെ(27) കൊലപ്പെടുത്തിയത്. സൗത്ത് ഗോവ ബീച്ചിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഐസ്‌ക്രീം വാങ്ങുന്നതിനിടെ ഭാര്യ മുങ്ങിമരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് കൊലപാതകം മുങ്ങിമരണമായി ചിത്രീകരിക്കാന്‍ ഗൗരവ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
ദമ്പതികള്‍ ദക്ഷിണ ഗോവയിലെ കാബോ-ഡി-രാമയിലെ രാജ്ബാഗ് ബീച്ചിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.”പ്രതി വെള്ളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ഭാര്യയെ കടല്‍ത്തീരത്തെ ഒരു പാറക്കെട്ടിലേക്ക് കൊണ്ടുപോയി. വഴക്കിനുശേഷം കടലില്‍ മുക്കിക്കൊല്ലുകയായിരുന്നു,” പൊലീസ് പറഞ്ഞു. ഇതു കണ്ട ഒരാള്‍ പൊലീസില്‍ വിവരമറിയിക്കുകയും കുങ്കോലിം പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തുകയുമായിരുന്നു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.