വിരാട് കോലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഒരുങ്ങിയെന്ന വാർത്തകൾ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഗാംഗുലിക്ക് വിരുദ്ധമായി നടത്തിയ പ്രതികരണങ്ങളിൽ കോഹ്ലിയോട് കാരണം കാണിക്കാൻ ഗാംഗുലി ഒരുങ്ങിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്നും ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
ചീഫ് സെലക്ടറും മറ്റു സെലക്ഷന് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നുമായിരുന്നു കോലി ഡിസംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ചീഫ് സെലക്ടര്‍ തന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അതിനുശേഷം ഫോണ്‍ കോള്‍ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ താന്‍ ആയിരിക്കില്ല എന്ന് പറഞ്ഞു. അഞ്ച് സെലക്ടര്‍മാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്ടര്‍ അറിയിച്ചു.
താനും രോഹിതും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനിയും വയ്യ. ടീമിനെ തളര്‍ത്തുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും കോലി പറഞ്ഞിരുന്നു.
ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ തന്നോട് ആരും സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തിനിടെ കോലി വ്യക്തമാക്കിയിരുന്നു. കോലിയുടെ ഈ പ്രസ്താവന ഈ വിഷയവുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വാക്കുകളെ തള്ളുന്നതായിരുന്നു.
കോലിയോട് ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറരുതെന്ന് തങ്ങള്‍ അഭ്യര്‍ഥിച്ചുവെന്നും താരം അത് കേട്ടില്ലെന്നുമായിരുന്നു ഗാംഗുലി അതിന് മുമ്പ് പറഞ്ഞിരുന്നത്.
ഇതിനു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം കോലി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു.