ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും ഹരിത അവാർഡ് വിതരണവും നിർവഹിച്ചു
എല്ലാ മാലിന്യസംസ്‌കരണ രീതികളും ഉപയോഗപ്പെടുത്തി നാടാകെ ശുചിയാക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനവും മുഖ്യമന്ത്രിയുടെ ഹരിത അവാർഡുകളുടെ വിതരണവും കനകക്കുന്ന് സൂര്യകാന്തിയിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചിത്വപരിപാലനത്തിൽ നമ്മുടെ തദ്ദേശസ്ഥാപനങ്ങൾ മികവുറ്റ ഒട്ടേറെ മാതൃകകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നടത്തിയ പ്രവർത്തനങ്ങളുടെ തുടർപ്രവർത്തനങ്ങളും കൂടുതൽ മികവുറ്റ മാതൃകകളും സൃഷ്ടിക്കാനാകണം. നവകേരളം നിർമിക്കുമ്പോൾ നാടാകെ ശുചിയായിരിക്കണം. ഉറവിട മാലിന്യസംസ്‌കരണത്തിനാണ് ആദ്യം നാം പ്രാധാന്യം നൽകി വന്നത്. നല്ലരീതിയിൽ അവബോധം ആളുകളിൽ സൃഷ്ടിക്കാനുമായി.
എന്നാൽ ചില പഴയശീലങ്ങൾ പലരും തുടരുന്ന നിലയുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ നല്ലനിലയിൽ ശുചീകരണ കാര്യങ്ങൾ പൂർണതയിൽ എത്തിക്കാനാകണം. പരിസരത്തിനൊപ്പം ജലസ്രോതസുകളും ശുദ്ധമായിരിക്കണം. പാഴ്‌വസ്തുക്കൾ വലിച്ചെറിയാനുള്ള സ്ഥലമായാണ് പലരും ജലസ്രോതസുകളെ കണ്ടിരുന്നത്. ഇതുമൂലം പലയിടത്തും വെള്ളത്തിന്റെ നിറം തന്നെ നഷ്ടപ്പെട്ടു. പാർവതീപുത്തനാറിന്റെ പഴയസ്ഥിതി നാം ഓർക്കണം. ഇപ്പോൾ ജലപാതയുമായി ബന്ധപ്പെട്ട് ശുചിയാക്കിയപ്പോഴാണ് അവിടെ വെള്ളത്തിന്റെ നിറം വീണ്ടെടുക്കാനായത്.
പലയിടത്തും ആ അവസ്ഥയായിരുന്നതിനാലാണ് ഹരിതകേരളം മിഷന്റെ മുൻകൈയിൽ നാട്ടുകാരെ ഉൾപ്പെടുത്തി പല തോടുകളും നീർച്ചാലുകളും ഉറവകളും വൃത്തിയാക്കിയത്. ഇത്തരത്തിൽ വീണ്ടെടുപ്പ് നല്ല രീതിയിൽ വിജയിപ്പിക്കാനായെങ്കിലും, ഇടയ്ക്ക് രണ്ടുതവണ വന്ന കാലവർഷക്കെടുതികൾ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.
ഇത്തരത്തിൽ നദികളും നീർച്ചാലുകളും വീണ്ടെടുപ്പ് വീണ്ടും ശക്തിപ്പെടുത്താനാകണം. ശുചിത്വകാര്യങ്ങളിൽ ഭാവിതലമുറയുടെ ഇടപെടൽ ഉറപ്പാക്കാൻ സ്‌കൂൾ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന നിലയുണ്ടായി. ഇത് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കാനായി.
ഇതിനൊപ്പം കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാൻറ് പട്ടണങ്ങളിൽ സ്്ഥാപിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ചില മുൻ അനുഭവങ്ങൾ വെച്ചുള്ള തെറ്റിദ്ധാരണകൾ ചിലർ പുലർത്തുന്നുണ്ട്. എന്നാൽ ഇപ്പോഴുള്ള ആധുനിക മാലിന്യ സംസ്‌കരണ പ്ലാൻറുകൾ സംബന്ധിച്ച് ഇത്തരം ആശങ്കകൾക്ക് അർഥമില്ല.
പ്ലാസ്റ്റിക്കിനോട് നാം വിട പറയുകയാണ്. ഇപ്പോൾ പ്ലാസ്റ്റിക് ഇല്ലാത്ത സാഹചര്യത്തിൽ ഒരുപാട് ബദൽ ഉത്പന്നങ്ങൾ ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഹരിത അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. മികച്ച കോർപറേഷനുള്ള അവാർഡ് തിരുവനന്തപുരവും മികച്ച മുനിസിപ്പാലിറ്റിക്കുള്ള അവാർഡ് പൊന്നാനിക്കും ബ്‌ളോക്ക് പഞ്ചായത്തിനുള്ള അവാർഡ് പഴയന്നൂരിനും ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് പടിയൂരിനും ലഭിച്ചു.
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി 837 തദ്ദേശസ്ഥാപനങ്ങളിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ആരംഭിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. മാലിന്യത്തിൽ നിന്ന് വൈദ്യുതിയും മറ്റ് മൂല്യവർധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്ന സാധ്യതകൾ നാം ഉപയോഗപ്പെടുത്തുന്നുണ്ട്.
ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ പദ്ധതികൾ നടപ്പാക്കാൻ ജനങ്ങളിൽ അവബോധം സൃഷ്ടിച്ച് മുന്നിട്ടിറങ്ങാൻ ജനപ്രതിനിധികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു നദിയുടെ പുനർജനി ഡോക്യൂമെൻററിയുടെ പ്രകാശനം ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
ചടങ്ങിൽ ശാസ്ത്രീയ മാലിന്യ സംസ്‌കരണം കുട്ടികളിൽ, ശുചിത്വ മികവുകൾ ഡോക്യുമെൻററി ഡി.ഡി പ്രകാശനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. മാലിന്യസംസ്‌കരണം സംസ്‌കാരമായി വളർത്തിയെടുക്കാനുള്ള കാമ്പയിനാണ് നാം ഏറ്റെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പുതിയതലമുറയുടെ ജീവിതത്തിന്റെ ഭാഗമായി മാലിന്യസംസ്‌കരണ ശീലം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശുചിത്വ കാമ്പയിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. മാറ്റം സൃഷ്ടിക്കാൻ ജനങ്ങളെയാകെ സഹകരിപ്പിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ശുചിത്വം ഉറപ്പാക്കാനായാൽ ആരോഗ്യ സംരക്ഷണത്തിനും സഹായമാകുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർ പേഴ്‌സൺ ഡോ: ടി.എൻ. സീമ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദലി, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് ആർ. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് അഡ്വ: തുളസീഭായി തുടങ്ങിയവർ സംബന്ധിച്ചു.