നവകേരള സദസ്സിന് കുന്ദമംഗലം പഞ്ചായത്ത് അധികൃതർ ഫണ്ട് പാസാക്കുന്നതിൽ പ്രതിഷേധം തുടരാൻ യുഡിഎഫ്. തിങ്കളാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ നവകേരള സദസ്സിന്റെ ഭാഗമായി പഞ്ചായത്തിൽ വെച്ച പരസ്യ ബോർഡുകളുടെ ചെലവ് പാസ്സാക്കാൻ ശ്രമിച്ചതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച നടന്ന ബോർഡ് മീറ്റിങ്ങിൽ നാലാമത്തെ അജൻഡയായാണ് നവകേരള സദസ്സ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ ബോർഡ് മീറ്റിങ്ങിന്റെ തുടർ തീരുമാനപ്രകാരം ബോർഡുകൾ വെക്കുന്നതിന് 50000 രൂപ പാസാക്കുകയാണെന്നും പറഞ്ഞപ്പോൾ അങ്ങിനെ ഒരു അജൻഡ കഴിഞ്ഞ ബോർഡ് മീറ്റിങ്ങിൽ എടുത്തില്ല എന്ന് പറഞ്ഞാണ് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തത്. ശേഷം യു.ഡി.എഫ് നേതാക്കളായ എം. ബാബുമോൻ, സി.വി. സംജിത്ത് എന്നിവർ പഞ്ചായത്ത് സെക്രട്ടറിയെ കാണുകയും കഴിഞ്ഞ ഭരണ സമിതിയുടെ മിനുട്സ് നൽകണം എന്നാവശ്യപെടുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ നേതാക്കളും യു.ഡി.എഫ് പ്രവർത്തകരും ഭരണ സമിതി പാസാക്കിയ മിനുട്ട്സിൻ്റെ കോപ്പി തരാതെ പിരിഞ്ഞു പോകില്ലെന്ന ഉറച്ച തീരുമാന മെടുത്തതോടെ പൊലീസ് എത്തി യു.ഡി.എഫ് നേതാക്കളെ മാറ്റാൻ ശ്രമിച്ചപ്പോൾ വീണ്ടും സംഘർഷം ഉണ്ടായി. തുടർന്ന് നടന്ന ചർച്ചയിൽ കഴിഞ്ഞ ബോർഡ് മീറ്റിങ്ങ് മിനിട്സിന്റെ കോപ്പി നൽകാമെന്നറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം ശാന്തമായത്. രാത്രി വൈകി പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ബോർഡ് മീറ്റിംഗിന്റെ മിനുട്സ് യു.ഡി.എഫ് അംഗങ്ങൾക്ക് നൽകി. കിട്ടിയ മിനുട്സിൽ നവകേരള സദസ്സിന് ഫണ്ട് പാസാക്കാനുള്ള അജൻഡ ഇല്ല എന്ന് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ യു.സി. രാമൻ , സി.വി. സംജിത്ത് ,ഒ. ഉസ്സയിൻ , എം. ധനീഷ് ലാൽ, ബാബു നെല്ലൂളി ,എം. ബാബുമോൻ , ഷൈജ വളപ്പിൽ , പി.കൗലത്ത് , ജിഷ ചോലക്കമണ്ണിൽ , സി. അബ്ദുൽ ഗഫൂർ ,ലീന വാസുദേവൻ , എൻ.എം യൂസുഫ്, കെ.കെ.സി. നൗഷാദ് , ഐ. മുഹമ്മദ് കോയ , സിദ്ധീഖ് തെക്കയിൽ , കെ.കെ. ഷമീൽ , എം.വി. ബൈജു എന്നിവർ നേതൃത്വം നൽകി.
അതേ സമയം പഞ്ചായത്തുകൾ നവകേരള സദസ്സിന് വേണ്ടി 50000 രൂപ പസക്കണമെന്ന സർക്കാർ ഉത്തരവ് പ്രകാരമാണ് ഇന്നത്തെ ഭരണസമിതിയിൽ ആ തുക പാസാക്കിയത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ പറഞ്ഞു. അസി. കമ്മീഷണർ കെ. സുദർശനന്റെയും കുന്ദമംഗലം പൊലീസ് എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.